Saturday, February 24, 2018

ദൈവം സൃഷ്ടിച്ച ദൈവങ്ങൾ

മനുഷ്യൻ സൃഷ്ടിച്ച ദൈവങ്ങളെല്ലാം
അമ്പലങ്ങളിലും,പള്ളികളിലും, 
മറ്റാലയങ്ങളിലും സ്വസ്ഥമായ്
നിലകൊള്ളുന്നു.
ദൈവം സൃഷ്ടിച്ച ദൈവങ്ങളോ
മനുഷ്യൻ സൃഷ്ടിച്ച ദൈവങ്ങളുടെ
പക്ഷം പിടിച്ച് തമ്മിലടിക്കുന്നു.
അതെ...... ശാന്തമായി ആ കണ്ണാടി
അഞ്ചു നിമിഷം നോക്കൂ....ജീവാത്മാവും
പരമാത്മാവും ആയ നാം വിശ്വസിക്കുന്ന
ദൈവത്തിന്റെ ആലയവും ദൈവത്തേയും കാണാം..... 
ദൈവങ്ങൾ സൃഷ്ടിച്ച ദൈവത്തെ.......!
കതിരേഷ് പാലക്കാട്
LikeShow More Reactions

ആമി.....ഒരു സിനിമാനുഭവം


.............
"നക്ഷത്രങ്ങൾ മഞ്ഞുപെയ്യുന്ന പൗർണ്ണമി
രാത്രിയിൽ നീർമാതളം
പൂത്തു കൊഴിയുന്ന വിളക്കു
തറയിൽ എന്റെ അരികത്തായ് ആമി,
കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു
കഥ പറയുന്ന പോലെ.... അടുത്തിരുന്നവരെ ആശ്വാസിപ്പിക്കുന്നപോലെ ചിലയിടങ്ങളിൽ കണ്ണുചിമ്മി നിന്റെ കഥ.... എന്റെയും...... പോ.. എന്റെ പ്രണയമേ.... നിനക്കും മുൻപേ ഞാൻ തോറ്റു പോയിരിക്കുന്നു.......! "
കതിരേഷ് പാലക്കാട്
മനോഹരമാക്കാൻ ഒന്നും ബാക്കിയാക്കാതെ കമൽ മാഷ്, കമൽ മാഷിനും അപ്പുറത്ത് നിമിഷങ്ങളുടെ ഒരു അണുവും പാഴാക്കാത്ത മഥു നീലകണ്ടൻ മാഷേ....... ഒരു താളവും ഇല്ലാത്ത ജീവനെ ഉയിർത്തെഴുന്നേൽപ്പിച്ച പ്രിയപ്പെട്ട എം. ജയചന്ദ്രൻ മാഷിനും , തൗഫീക്ക് ജീയ്ക്കും..... ഹോ....... എങ്ങിനെ ഞാൻ നന്ദി പറയേണ്ടൂ.....?
പോ എന്റെ കാലമേ..... എനിക്കു പറയാൻ ആയിരം ബന്ധങ്ങൾ മാത്രം ഈ മുഖപുസ്തക താളുകളിൽ..... !
തിയറ്ററിൽ പോയി കാണൂ പ്രിയപ്പെട്ട സൗഹൃദങ്ങളേ...... ഒന്നും നഷ്ടമാവില്ല..... ഒന്നും.............!
എന്ന്
ഞാൻ /നീയും
മാധവിക്കുട്ടി/കമലാ ദാസ്/കമല സുരയ്യ യുടെ....
പ്രിയപ്പെട്ട കൃഷ്ണ്ണൻ//ഭർത്താവ്/നല്ല വായനക്കാരൻ/മകൻ/ചുരുങ്ങിയ കാലത്തിൽ ഒരു സന്തത സഹചാരി........!
“എനിക്ക് വീണ്ടും ഒരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍
എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ മാത്രം ഉറങ്ങും.
മാന്‍ പേടകളും കുതിരകളും നായ്ക്കുട്ടികളും
മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.
വെയില്‍ പൊള്ളുന്ന നിമിഷം നദിയില്‍ നീന്തുകയും
ഒരു മഞ്ചലെന്നപോലെ കിടക്കുകയും ചെയ്യും .
എന്‍റെ ഭാഷയ്ക്ക് മനുഷ്യരുടെ ഭാഷയോട്
യാതൊരു സാദൃശ്യവും ഉണ്ടാകില്ല .
ഞാന്‍ സുന്ഗന്ധ വാഹികളായ പൂക്കളുടെ ദളങ്ങളും
മാവിന്‍റെ തളിരും വിരിച്ച് ആ ശയ്യയില്‍ കിടക്കും…”

ഈയാംപാറ്റകൾ



ഉമ്മറ ചായ്പ്പിൽ നിറഞ്ഞ വെളിച്ചത്തിൽ എൽ. ഇ. ഡി ബൾബ് പ്രകാശം ചൊരിയുന്നു. താഴെ തിണ്ണയിൽ ചമ്രംപടിഞ്ഞിരുന്ന് പണ്ടെന്നോ വായിച്ചു തീർന്ന 'നാലുകെട്ട് ' സന്ധ്യക്ക് വീണ്ടും ഒന്നു വായിക്കാൻ തുടങ്ങിയതായിരുന്നു
തലേന്നു പെയ്ത മഴയിൽ ഈർപ്പം
കുറയാത്ത മൺപുറ്റുകളിൽ നിന്നും
നിര നിരയായി ഈയാംപാറ്റകൾ ബൾബിനെ ലക്ഷ്യമാക്കി വന്നു.ഇരുട്ടിൽ എവിടുന്നാണെന്ന് പിടിയില്ല തിരണ്ടയും നൊച്ചിയും തളിർത്ത വേലിക്കെട്ടിനിടയിലൂടെയാണ് വരവ്.
ഈയാംപാറ്റകളിൽ ചിലത് കുഞ്ഞൻമാരാണ്.... എല്ലാവർക്കും ഒരേ ലക്ഷ്യം എൽ. ഇ. ഡി, ഒന്നു ചുംബിക്കാനാണോ/വിഴുങ്ങാനാണോ/കടിച്ചു പൊട്ടിക്കാനാണോ എന്നറിയില്ല.ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട്.
പണ്ട് ചെറുപ്പത്തിൽ കരണ്ടൊന്നും ഇല്ലാത്ത കാലത്ത് ഈയാംപാറ്റകൾ വരുമ്പോൾ അലുമിനിയം വിളക്കിനെ
കിണ്ണം നിറയെ വെള്ളം നിറച്ച് നടുക്ക് വയ്ക്കും, മിക്കതും തീയിൽ ചിറകുകരിഞ്ഞ് വെള്ളത്തിൽ വീഴും. ചിലത് സമയം കഴിയുമ്പോൾ തന്നേ ചിറകുകളുതിർന്ന് വീഴും. മൂട്ടിൽ റബ്ബറുള്ള കടലാസു പെൻസിലിനോട് ഈയാംപാറ്റകൾക്ക് പ്രത്യേക മമതയാണ് വിളക്കിടുത്തു കാണിച്ചാൽ പെൻസിലിൽ വന്നു പോതിയും... നേരേ തിരിയിലോട്ട് അടുപ്പിക്കും പടപട ശബ്ദത്തിൽ കരിഞ്ഞു വീഴും കൂടെ റബ്ബറും. അമ്മയുടെ ഒരുപാട് ചീത്തവിളികൾ ഇതിന് കേട്ടിട്ടുണ്ട്.
"ചീനക്കാരു എപ്പളും ഇതിനെ വറുത്തു തിന്നും പേരാണ്ടി... ഇബട മഴക്കാലത്ത് പൊരീന്റകൂടെ ഉള്ളിയും മെളക്ട്ട് വറുത്തു തിന്നിട്ടുണ്ട് അന്നൊക്കെ മയക്കാലത്ത് എവടെ പണി... കഞ്ഞീന്നെ എപ്പളും"
മുത്തശ്ശിയാണ്...... വറുതിക്കാലം എന്നൊന്നു ഉണ്ടായിരുന്നു പണ്ട്. ചീനക്കാരുടെ ഒരു കാര്യം ഓ..... വിളക്കിൽ കിടന്നു പൊട്ടുമ്പോൾ തന്നെ വല്ലാത്ത നാറ്റമാണ്... അയ്യേ.
ആദ്യ നിമിഷങ്ങളിൽ തന്നെ ചുമരിനുമേൽ പല്ലികൾ കൂട്ടമായി വന്നു
ചെറിയ വായിലെ വലിയ നാവുകൊണ്ട് ഒറ്റ ചുഴറ്റലിനു ഇരയെ വശത്താക്കും. തിക്കുതിരക്കിനിടയിൽ ഒരുവൻ ചുമരിൽ നിന്നും നിലതെറ്റി വീണു.... ടപ്പേ.... വാലൊരിടത്ത് ശരീരം വേറൊരിടത്ത്... മുറിഞ്ഞ മൂട് ഇളക്കിയിളക്കി ഒടിപ്പോയി.
രണ്ടാം നിമിഷങ്ങളിൽ തവളച്ചേട്ടൻമാരുടെ വരവാണ്.... മഴക്കാലമല്ല.... നാടൻ ചൊറിയൻ തവളകൾ രണ്ടെണ്ണം..... ഇടത്തേക്ക് രണ്ടു ചാട്ടം വലത്തേക്ക് രണ്ടു ചാട്ടം... ഒരു കള്ളുകുടിയന്റെ തടത്തം ഓർമ്മവന്നു. നാവു നീട്ടുന്നതോടൊപ്പം വലത്തെ കൈയ്യും ഉയരും... ഈയാംപാറ്റകളെ വിഴുങ്ങുന്നത് കാണാൻ നല്ല രസമാണ്.
താടയിലെ പേശികൾക്ക് ഒരു ഗുളുഗുളു പ്രതീതിയാണ്.
മൂന്നാം നിമിഷം മുതൽ ഈയാംപാറ്റകൾക്ക് ചിറകുകൾ ഉതിരാൻ തുടങ്ങും...ചുവന്ന ഉറുമ്പുകളുടെ ഊഴമാണ് അടുത്തത്.
ചിറകറ്റുവീണ് വാർദ്ധക്യത്തിൽ എങ്ങോട്ടെന്നില്ലാതെ പൊകുന്നവയെ കൂട്ടം കൂട്ടമായി തിരിഞ്ഞ് പിടിച്ചു വലിച്ച് കൊണ്ടുപോകും.... ഇടക്ക് സാധാരണ കാണാൻ കഴിയാത്ത ചിറകു വച്ച ഭീമൻ കട്ടുറുമ്പുകളും വരും. അറിയാതെ എങ്ങാനും ചിറകറ്റ ഈയാംപാറ്റ ശരീരത്തിൽ വീണാൽ ഉറുമ്പുകൾ കടിക്കുംപോലെ ചുളു ചുളുന്ന് കടിയും കിട്ടും.
അഞ്ചു മിനിറ്റിനുള്ളിൾ ആരവങ്ങൾ ഒഴിഞ്ഞ് കുറേ ചിറകുകൾ മാത്രം ബാക്കിയായി... നിനയാതെ വന്ന കാറ്റ് ചിറകുകളെ മുറ്റത്തേക്ക് വാരിയിട്ടു. നിമിഷങ്ങളുടെ ഇടവേളയിൽ പ്രകൃതിതൻ വിസ്മയം എന്താ അല്ലേ.....! നാലുകെട്ടിലേക്ക് വീണ്ടും... എവിടെയെത്തി.....
അപ്പുണ്ണി സ്ക്കൂളിൽ പോകുന്ന വിവരം മാളു പറഞ്ഞാണ് അവരറിഞ്ഞത്.
'നേരാടീ ?'
'ആ അച്ചമ്മാ, ഞാൻ കണ്ടു. '
'നെനക്കു തോന്നിയതാവും.'
'അല്ലാന്നേയ്. ഞാൻ വർത്തമാനം പറീംകൂടി ചെയ്തു.'
.........................................................
..........................................................
പെട്ടെന്ന് കണ്ണിൽ ചുവപ്പ് കേറുന്നതുപോലെ,
എൽ. ഇ. ഡി ബൾബ് രൂപാന്തരം പ്രാപിച്ച് ചുവന്ന നോട്ടുകെട്ടുകളായി പരിണമിച്ചു.
ചിറകുവെച്ച കുറേ മനുഷ്യ രൂപങ്ങൾ അവിടുന്നും ഇവിടുന്നും നിരകളൊന്നുമില്ലാതെ തിക്കിതിരക്കി മത്സരിച്ച് എൽ. ഇ. ഡി യെ ലക്ഷ്യം വച്ച് ചീറി വരുന്നുണ്ടായിരുന്നു..............!
കതിരേഷ് പാലക്കാട്

Saturday, November 25, 2017

നവംമ്പർ 8/2017

"മിസ്സ് ലിംഡ താങ്കളുടെ ഭരണകൂട ഭീകരതക്കെതിരേയുള്ള മുറവിളി അക്ഷമമായിരിക്കുന്നു .. ജനസംമ്മിതി നേടിയ ഭരണകൂടത്തിനെതിരെ താങ്ങൾക്കു സംസാരിക്കാൻ ആരാണ് അനുവാദം തന്നത്.... ഭരണഘടനാവിരുദ്ധമാണ് ഇത്.... താങ്കള്‍ക്ക് രാജ്യത്തെ കുറിച്ച് എന്ത് അറിയാം....?

ചരൽ കുന്നുകളിൽ ജെ. സി. ബി യുടെ ശബ്ദം അലറുന്നുണ്ടായിരുന്നു പുറകിൽ..... മണിമാളിക പണിയാൻ പുഴയുടെ പോസ്റ്റ്‌മോര്‍ട്ടം ചുവന്ന ഒരു നോട്ടിനു വേണ്ടി നടത്തുകയായുരുന്നു പാവങ്ങൾ

"എനിക്ക് ഒന്നുമറിയില്ല മിസ്സ് ഫ്രാന്‍സിസ്...... കഴിഞ്ഞ നവംമ്പർ എട്ടിനു 10 ഡോളറിന്റെ നോട്ടു മാറ്റാനുള്ള തത്രപ്പാടിൽ മരിച്ച എന്റെ അമ്മ അന്നയുടെ ആണ്ടുബലിയാണ് നാളെ.......അന്നാമക്കു ഏറ്റവും ഇഷ്ടം ഗ്രൗണ്ട് നട്ട് എന്ന് നാം വിളിക്കുന്ന നിലക്കടല കൊണ്ടുള്ള പലഹാരമാണ്...... അന്നാമ്മയുടെ ആത്മാവിനു അതെങ്കിലും സമർപ്പിക്കണ്ടേ....... കുടിയേറ്റ ഭക്ഷണമായ ബർഗ്ഗറിനു 5 % നികുതി ഉള്ളൂ.... കടല മിട്ടായിക്ക് 28 % ആണ്....... അല്ലേലും ഈ ധാന്യത്തിന്റ ജന്മാവകാശികൾ പുറത്തു നിന്നു വാങ്ങി കഴിക്കേണ്ട അവസ്ഥ..... ഓ ഇതോന്നും മിസ് ഫ്രാന്‍സിസ്സ്നു മനസ്സിലാവില്ല...... നിങ്ങൾക്ക് ആർഷലോക സംസ്ക്കാരം മതിയല്ലോ...... നാലു വിഭാഗങ്ങള്‍ക്ക് പിന്നിലുള്ള മനുഷ്യർ സാധുമൃഗങ്ങളായിരുന്നല്ലോ..... മനുഷ്യഗണത്തിൽ പെടാത്ത മനുഷ്യർ.....

കാലം മാറിയതു നിങ്ങള്‍ക്ക് അറിയുന്നില്ല........ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ ഒരു ഭാഗം ജനങ്ങള്‍ക്ക് നിങ്ങള്‍ സ്വയം ചിന്തിക്കാനുളേള വിദ്യാഭ്യാസ അവകാശം പോലും നിഷേധിച്ചു.... ഇനിയു൦ നിങ്ങൾ പറയുന്ന ഇടത്ത് അവർ പരമാധികാരം നീല മഷിയിൽ കൈവിരൽ പതിച്ച് നിങ്ങള്‍ക്ക് നൽകാൻ വേണ്ടി മരണം വരെ പൊരുതും..... അതെ സ്വാതന്ത്ര്യം നേടിയിട്ടും 70 വർഷകാലം കഴിഞ്ഞും നിങ്ങള്‍ അവരെ ഇന്നും പഠിപ്പിക്കുന്നത് അതാണ്....... അക്ഷരമറിയാത്തവനു ഭാവഗായന്റെ പാട്ടിന്റെ അർത്ഥം പാടെ വ്യതിചലിച്ച മൊഴികളാൽ, അർത്ഥങ്ങളാൽ ചെവിയിൽ പതിയെ ഇറക്കി..... വികലാംഗമാക്കി...... ഹോ........ ഇനിയു൦ പറയണോ....... പ്രധാനി യാത്രയിലാണ് കച്ചവടമുറപ്പിക്കൽ........ പണം തരുന്നവൻ പെട്ടെന്ന് ഒരുന്നാൾ പിൻവലിഞ്ഞാൽ രാജ്യം ഭിക്ഷാടനം നടത്തേണ്ട അവസ്ഥക്കുവേണ്ടി യഥാ കർമ്മധീരനായ പ്രധാനി........ രാഷ്ട്രീയം മുതലെടുപ്പാണ് മിസ്സ് ഫ്രാന്‍സിസ്....... കളികൾ അങ്ങിനെയാണ്..

 മുതലെടുപ്പിനുവേണ്ടി നാളെ നിങ്ങളും രക്തസാക്ഷി ആവും..... നേതാക്കളുടെ മക്കളുടെ ബുദ്ധിയുടെ നൂറിൽ പത്തു ശതമാനം പോലും നമ്മെ ചിന്തിക്കാൻ അനുവദിക്കാത്ത രാഷ്ട്രീയം...... താങ്ങൾക്കു മനസ്സിലാവും.... ഒരുതരി ചോറിനു, രക്തബന്ധങ്ങൾ പീഡിതരാവുമ്പോൾ.... അപ്പോളേക്കും...... നമ്മുടെ ആത്മാവിന്റെ പേറ്റന്റ് പോലും അവർ കൈവശപ്പെടുത്തിയിരിക്കും........... അന്ന് നാം ശവങ്ങളായിരിക്കും മുറവിളിപോലും കൂട്ടാത്ത ഇന്നത്തെ മിസ് ഫ്രാന്‍സ്സിനേപ്പോലെ.........!

കറുത്ത കടലോന്നു ഇരമ്പി....... വരാൻപോകുന്ന വറുതിയെ ഓർത്തു കടൽക്കാക്ക വെറുതേ കരഞ്ഞു.......!

കതിരേഷ് പാലക്കാട് 

Saturday, October 7, 2017

ഇറ്റ്സ് ജസ്റ്റ് എ ലാസ്റ്റ് നെയിം



'ഡോൺ ബി സില്ലി അരുൺ ഇതുപോലെ ചെറിയ കാര്യങ്ങൾക്കാണ് നീ എപ്പോഴും വഴക്കിടുന്നത് '
'ഹൗ കുഡ് യു സേ ഇറ്റ്സ് സില്ലി?'
'ഇറ്റ്സ് ഒൺലി മൈ ലാസ്റ്റ് നേയിം'
'ലാസ്റ്റ് നെയിം...... ഹും ? '
കടലൊന്ന് ഇരമ്പി രാവിലത്തെ ശക്തമായ മഴയിൽ മണൽത്തരികൾ നനുത്തിരുന്നു.... കാറ്റു ശക്തമായി വീശി... മുഖത്ത് വീണ കറുത്ത മുടിയിഴ ഒതുക്കിക്കൊണ്ട് ശ്രേയ അരുണിന്റ  കണ്ണിലേക്കു തന്നെ നോക്കിയിരുന്നു..
"യു ആർ മോർ ബ്യൂട്ടിഫുൾ വെൻ യു ആർ ആംഗ്രി അരുൺ '
" ബ്യൂട്ടി......അതിലും ബ്യൂട്ടി ആയ വിഷയത്തിലേയ്ക്ക് വരാം..... മുത്തശ്ശന്റെ പേര് കോരൻ എന്നായിരുന്നു.... വല്യ വീട്ടിലെ തംമ്പുരാന്റെ പാടത്തെ സ്ഥിരം പണിക്കാരനായിരുന്നു. തോർത്തുമുണ്ട് ആയിരുന്നു വേഷം  ഒഫീഷ്യൽ, കാഷ്വൽ, പാർട്ടി വെയർ എല്ലാം ... ചളിയുള്ളതും ചളിയില്ലാത്തതും അത്രയേയുള്ളൂ വ്യത്യാസം.... തമ്പ്രാക്കൾ വരുമ്പോൾ 90 ഡിഗ്രി കുനിഞ്ഞ് തൊഴണം.... ഒരിക്കൽ പാടത്തെ മട സമയത്ത് മാറ്റിവിടാതെ വയലിൽ വെള്ളം നിറഞ്ഞു..... തെങ്ങിൽ കെട്ടിയിട്ട് പോത്തിനെ തല്ലുന്നത് പോലെയായുരുന്നു ചാട്ടവാറുകൊണ്ട് അടി  തൊലിയുരിഞ്ഞ് ചോര ചീറ്റുംവരെ... 94 ാം വയസ്സിൽ മരിക്കും വരെ മുതുകത്ത് പാട് മറഞ്ഞിരുന്നില്ല.... എനിക്കു ഒരു 6 വയസ്സുള്ളപ്പോൾ പുറം വേദനയെന്ന് പറഞ്ഞ് പുറം ചവിട്ടി തരാൻ പറഞ്ഞു... തടിച്ച പാടുകൾ കാലിൽ തട്ടിയപ്പോൾ ഞാൻ ചോദിച്ചു
'എന്താ മുത്തപ്പാ ഇത്?'
'മുത്തപ്പനു പഠിപ്പും വിവരവും ഒന്നുമില്ലാർന്നല്ലോ.... മോനെ എഴുത്തിനിരുത്തിയ പോലെ പണ്ട് തമ്പുരാൻ എന്നെ  എഴുത്തിനിരുത്തിയതാണ്.....'
അതൊക്കെ നുണയായിരുന്നെന്ന് മനസിലാക്കുമ്പോളേക്കും മുത്തശ്ശൻ ലോകത്തോട് വിടവാങ്ങിയിരുന്നു.......
കൊയ്ത്തുകഴിഞ്ഞു കിട്ടുന്ന അര പറ നെല്ലായിരുന്നു ആറുമാസത്തെ ശമ്പളം... ആറു മാസം ആറുവയറുകൾ പോറ്റിയത് എങ്ങിനെയെന്നോ...? നാണിമുത്തിയും മുത്തപ്പനും ഒഫീഷ്യൽ ഡ്രസ്സ് വെള്ളത്തിൽ മുക്കി വയറ്റത്തു കെട്ടും..... ആറ്റുവെള്ളം കോരി കുടിക്കും.....നിന്റെ ഭാഷയിൽ സെൽഫ് മെയ്ഡ് ഡയറ്റിംഗ് ടെക്നിക്ക്.... അമേസിംഗ് അല്ലേ...?
നാണിമുത്തി.... ശ്രേയ തുന്നാൻ കൊടുത്ത 4500 രൂപയുടെ വെഡ്ഡിംഗ് ബ്ലൗസ് പോയിട്ട് ഇന്നർ വെയർ പോലും ഇടാൻപോലും അവകാശം ഇല്ലായിരുന്നു അന്ന്...... മാറു മറക്കാൻ അവകാശമില്ലാത്തവർ....തംമ്പുരാട്ടിയുടെ റവുക്കയുടെ മുകളിൽ കാണുന്ന തിളങ്ങുന്ന മഞ്ഞ ഉരുപ്പടി നോക്കിനിന്ന് നാണി മുത്തിയും കൂട്ടരും പറയും "സ്വർണ്ണം"....... പട്ടു ജാക്കറ്റ്.....!
കൃഷ്ണനും, നാരായണനും, ശിവനും, മുരുകനും, ലക്മിയും, സരസ്വതിയും പേരിൽ ഉണ്ടെങ്കിലും ഈ ദൈവങ്ങളുടെ അമ്പലങ്ങളിൽ കേറാൻ  ആഗ്രഹം പോലും വച്ചു പുലർത്തിക്കൂടാത്ത കാലം ഉണ്ടായിരുന്നു..... വേലിക്കെട്ടിനുമിപ്പുറത്തുള്ള വിദൂരതയിൽ നിന്നു തൊഴണം.... മേൽ ജാതിക്കാർ ഇല്ലാത്ത തരുണങ്ങളിൽ.
സംബന്ധവും, മണാളത്വവും കൂത്താടിയ കാലത്ത്.... ഒരു വെളുത്ത നായർക്ക് നാണിമുത്തശ്ശിയിൽ തോന്നിയ ഇശ്ച്ച...... 5 മത്തെ കുഞ്ഞു വയറ്റിലുള്ളപ്പോൾ വീട്ടിൽ കഴുക്കോലില്ലാത്തതു കൊണ്ട്... തൊടിയിലെ പ്ളാവിൽ കെട്ടിത്തൂങ്ങിയത്....... മാനം മറക്കാത്ത നാണി മാനംപോയപ്പോൾ എടുത്ത ഡിസിഷൻ..... മാർവല്ലസ്സ് അല്ലേ ശ്രേയേ ?
വിപ്ലവം വന്നു.... സാമൂഹിക അന്യായങ്ങൾക്കെതിരെ സമരങ്ങൾ വന്നു മനുഷ്യത്വം ഉള്ള നമ്പൂതിരിയു൦, നായരും, മേനോനും,പിള്ളയും, കുറുപ്പുകളുമെല്ലാം മണ്ണിന്റെ മക്കൾക്കായി തോളോട് തോൾചേർത്ത്  പോരാടി...... ഞങ്ങൾ കൃഷ്ണനേയും, ശിവനേയും മറ്റു ദൈവങ്ങളേയും അടുത്ത് കണ്ടു...... വേഷ്ടി, ഷർട്ട് ധരിച്ചു, ബ്ളവുസ്സ് ധരിച്ചു.... പൊന്നു കൊണ്ട് മൂക്കുത്തി ഇട്ടു........ ഗവണ്‍മെന്റ് വന്നു എന്റെ അച്ഛനും കൂട്ടർക്കു൦ സൗജന്യ വിദ്യാഭ്യാസം തന്നു....... പട്ടിണി വീടുകളിൽ റേഷൻ തന്നു, കിടപ്പാടം തന്നു.....
ഞാൻ രണ്ടാം തലമുറ ആണ്.... മൂന്നാം തലമുറ ഇപ്പോഴും കൊളേജ് എത്തുന്നുള്ളൂ...... ശ്രേയേ......
കഴിഞ്ഞ ആഴ്ച നീ വിളിച്ച സ്റ്റോപ്പ് റിസവേഷൻ ടു എസ്സി/എസ്ടി ഉണ്ടല്ലോ..... അത്തരമൊരു റിസർവേഷൻ ആണ് പുലയനേയും, പറയനേയും, കീഴാനേയും, വേട്ടുവനേയും, ഒത്തിരി കീഴ്ജാതികൾക്കും അക്ഷരം തന്നത്....
കാലങ്ങളായി അക്ഷരാഭ്യാസമില്ലാതെ വന്ന തലമുറയ്ക്ക് 90 % കട്ട് ഓഫ് മാർക്ക് അന്യമാണ്.... നിനക്കറിയാമല്ലോ.... ബയോ ടെക്നോളജി റിസര്‍ച്ച് ഫെല്ലോ....ഡി. എൻ. എ..... കുറച്ച് സമയം തരൂ..... 10000 വർഷങ്ങളുടെ പഴക്കമുള്ള ഹിന്ദു മതത്തിൽ ചാതുർവർണ്ണ്യം ശൂദ്രനിൽ നിന്നുപോയത്രേ.... അതായത് നായരിൽ..... ശൂദ്രൻ വേദം കേട്ടാൽ ഈയ്യം കാച്ചി ചെവിയിലൊഴിച്ച കാലം ഉണ്ടായിരുന്നു എന്ന് എന്റെ സുഹൃത്ത് കിഷോർ എന്നും പറയും...... ശൂദ്രനു താഴെയും ചില ജന്മങ്ങൾ ഉണ്ടെന്നും.... ഞങ്ങളും മനുഷ്യ ഗണമാണെന്ന് ഒന്ന് തെളിയിച്ചോട്ടെ....... 10000 രത്തിൽ ഒരു 100 വർഷമെങ്കിലും... പ്ളീസ്........ അപേക്ഷ ആണ്...... '
' ആർ യു എ നക്സലൈറ്റ് അരുൺ ?  വൈ ആർ യു ടോക്കിംഗ് ദി  ഇഡിയോറ്റിക് തിയറി ലൈക്ക് കമ്മ്യൂണിസം ....? '
' ഇഡിയോറ്റിക്ക് തിയറി... അതു കലക്കി... ഹ ഹ.... പച്ചയായ സത്യം വിളിച്ചു പറയന്നവന് സമൂഹം കൊടുക്കുന്ന സർട്ടിഫിക്കേറ്റ് ആണ് ശ്രേയ പറഞ്ഞത്..... അതിൽ അഭിമാനിക്കാനേയുള്ളൂ.....ഇവിടെ കീഴ്ജാതിക്കും പാവപ്പെട്ടവനും എന്തെങ്കിലും ഒക്കെ നേടിക്കൊടുത്തത് കമ്മ്യൂണിസ്റ്റുകൾ തന്നെ..... '
' സോ... ഞങ്ങളുടെ പിതാക്കരും മുന്നോരും കഷ്ടപ്പാടും, പട്ടിണിയും ഒന്നുമില്ലാതെ ജീവിച്ചു എന്നാണോ...?
ഒരു കോംപ്ളസക്സ് മെൻ്റാലിറ്റി ആണ് അരുണിനെ കൊണ്ട് ഇതു പറയിപ്പിക്കുന്നത്.... ഒരു ഭാഗം മാത്രം ചിന്തിച്ചുള്ള വർത്ത് ലെസ്സ് ആർഗ്യുമെൻറ്റ്... '
' ചരിത്രം അതാണ് പറഞ്ഞു തന്നത്... യെസ്സ്... വർത്ത് ലെസ്സ്.. ഞങ്ങൾ അങ്ങിനെ ആയിരുന്നു. '
' ഇതൊക്കെ എന്നോട് എന്തിനാണ് പറയുന്നത് അരുൺ.... എനിക്കറിയാം നിന്നെ..... എല്ലാം അറിഞ്ഞിട്ടല്ലേ ഞാൻ...... എെ ലവ് യു...... '
' എെ ലവ് യു ടൂ ശ്രേയ..... സോറി ശ്രേയ നമ്പൂതിരി..... നിന്നോടെങ്കിലും പറയാൻ തോന്നി... അത്രയേ ഉള്ളൂ..... ഇറ്റ്സ് ജസ്റ്റ് എ ലാസ്റ്റ് നെയിം ..... ഹ ഹ ഹ '
' കളിയാക്കേണ്ട എന്റെ മാതാപിതാക്കൾ എനിക്കു ഇട്ട പേരാണ്.... ആൻറ് എൈ നെവർ കോംപ്രമൈസ് ഓൺ ഇറ്റ്, അറ്റ് എനി റീസൻ ഓർ ഫോർ എനി വൺ....ആന്റ് എെ യാം പ്രൌഡ് ഓഫ് ദാറ്റ് '
'ചൂടാവാൻ അല്ല ശ്രേയേ....പ്രൌഡ് ഓഫ് ദാറ്റ്... ഹഹഹ... ഞങ്ങൾക്ക് അത്തരമൊരു പ്രയ്ഡ്  ആലോചിക്കാൻ പോലും...........?
എന്തുകൊണ്ട് അനേകം ശ്രേയ നമ്പൂതിരി /നായർ/മേനോൻ/അയ്യർ/അന്തർജ്ജനം ഉണ്ടായപ്പോൾ.......  ഒരു ശ്രേയ പുലയൻ/ശ്രേയ ചെറുമൻ / ശ്രേയ ഇടുമ്പൻ/ശ്രേയ മണ്ണാൻ/ശ്രേയ കാട്ടാളൻ/മറ്റനേകം കീഴ്ജാതി ഒന്നും ഉണ്ടായില്ല...? ആലോചിച്ചിട്ടുണ്ടോ....? ഞങ്ങള്‍ക്ക് ഇത് വേദനയായിരുന്നു... ജാതി.... കാലത്താൽ മറച്ചു വയ്ക്കപ്പെട്ട തീരാത്ത വേദന...അടിമത്വത്തിന്റെ.... പട്ടിണിയുടെ.... അവർണ്ണതയുടെ... നിരക്ഷരതയുടെ..... കഷ്ടപ്പാടുകളുടെ... അങ്ങിനെ എല്ലാം....
ദാറ്റ് കോംപ്ളസക്സ് മെൻ്റാലിറ്റി നിന്റെ പേരിലുള്ള വാലുകാണുംമ്പോൾ വർക്ക് ചെയ്യുന്നു.... '
' നിനക്കൊരു വിചാരം ഉണ്ട് അരുൺ നീയൊരു സാഹിത്യകാരനെന്ന്..... എം. ടി. ക്കും, ആശാനും, ഉള്ളുരിനും, വയലാറിനും ഒക്കെ ഉള്ള വായനയും, അറിവും സാഹിത്യത്തിനുമൊക്കേ 100 ൽ 1 % പോലും നീ വരില്ല.... ആദ്യം അവരോട് പറ ജാതിവാൽ മാറ്റാൻ.... '
"പബ്ലിക് കോൻസിക്വൻസ് ഇടപെടലുകൾ എത്രത്തോളം ശരിയാവും എന്നെനിക്കറിയില്ല.. ഞാൻ പറഞ്ഞത് ... എന്റെ പ്രിയപ്പെട്ടവൾക്കു വേണ്ടിയാണ് .....  പുതിയ തലമുറക്കാരി....മനസിലായെങ്കിൽ മാറുക... മാറ്റ൦ നമ്മിൽ നിന്നും  തുടങ്ങട്ടേ..... മഴവരുന്നു നമുക്ക് പോവാം മിസ്സ്. ശ്രേയ നമ്പൂ......... "
" ശ്രേയ പത്മനാഭമൻ.... എന്റെ അച്ഛന്റെ പേര്..... അടുത്ത മാസം മുതൽ ശ്രേയ അരുൺ.... പോരേ ? ..എനിക്ക് മനസ്സിലാവും അരുൺ...... എന്റെ ലാസ്റ്റ് നെയിം മറ്റുള്ളവരെ വേദനിപ്പിക്കുമെങ്കിൽ എനിക്കത് വേണ്ട.... വിദ്യാഭ്യാസം കൊണ്ട് ഇത്തരം ഒരു മാറ്റം പോലും സമൂഹത്തിൽ നടക്കുന്നില്ല എങ്കിൽ.. പഠിച്ചതെല്ലാം വിഫലം.... അറ്റ്ലീസ്റ്റ് നിനക്കുവേണ്ടിയെങ്കിലും"
' ശ്രേയ പത്മനാഭമൻ അതുമതി കല്യാണം കഴിഞ്ഞാലും.. .. വീട്ടുകാരോ സമ്മതിച്ചില്ല....ഈക്വലിസം ഒക്കെ പ്രസംഗം മാത്രമല്ലേ ഇപ്പോഴും...... ഇറങ്ങി വരുമ്പോൾ പേരിലെങ്കിലും  കിടക്കട്ടെ അച്ഛൻ..... സ്തീ ധനമായിട്ട്.... ഇറ്റ്സ് ജസ്റ്റ് എ ലാസ്റ്റ് നെയിം...... ഹഹഹ..'
ചാറ്റൽ മഴയിൽ കൈകോർത്തു നടന്നു ഇരുവരും..... സന്ധ്യാമേഘങ്ങൾ സന്തോഷിക്കുകയായിരുന്നു...... പ്രണയം കറുത്തവനെ  വിജയിപ്പിച്ചിരിക്കുന്നു... ആത്മാർഥ പ്രണയവും....!

കതിരേഷ് പാലക്കാട്




Tuesday, May 2, 2017

തീവണ്ടി യാത്രയിലെ സുന്ദരി...


ഇരുൾവീണ അനന്തയാമങ്ങളിൽ നിൻ മുഖ൦ കാണാൻ എന്തൊരു ചന്ത൦ പെണ്ണേ............ജന്മജന്മാന്തരത്തിൻ പ്രഭചൊരിയുമാ കവിളിൽ.......എന്റെ സങ്കൽപ്പത്തിലെ ചു൦ബനത്തിൻ ആയിര൦ ദളങ്ങൾ സമർപ്പിക്കുന്നു .....
അതെ ...... ഒരു പ്രതിഫലനത്തിലു൦ നീപോലു൦ കാണാത്ത നിന്റെ സൗന്ദര്യം........... അത്രമേൽ പവിത്രമാ൦ നിൻ മുഖ൦.....നനുത്ത കാറ്റിൽ പുളകിതമായ കൂന്തൽ..... വടിവൊത്ത നെറ്റി... വാടിയതെങ്കിലു൦ ചുവന്ന അധരങ്ങൾ... നിലാവത്തു തിളങ്ങുന്ന വെണ്ണക്കൽ കവിൾ..... ജനൽപ്പാളികൾ നിന്റെ കൈവിശ്രമത്താൽ ധന്യരായിരിക്കുന്നു...... പിങ്ക് നെയിൽ പോളീഷ് മടക്കിയ കൈവിരലിൽ ജാലകം തീർക്കുന്നു........ പേരറിയാത്ത പെണ്ണേ...... മുഖത്തു വിരിയുന്ന ഭാവ൦ സാത്വികത്തിൻ മൂർച്ചക്കു൦ മേലേ..... പെണ്ണേ നിന്നെ കാമിക്കുന്നില്ല..... ആസ്വദിക്കുന്നു ഞാൻ......... ഇതു കേട്ടാൽ സദാചാരത്തിന്റെ തീക്കനൽ വീഴും എന്നിൽ........ ക്ഷമിക്കുക സ്ത്രീ സൗന്ദര്യം പുരുഷനേക്കാൾ ആസ്വദിക്കാൻ പറ്റിയ ജീവികൾ ഇനിയും ജന്മം കൊണ്ടിട്ടില്ല .......




Tuesday, April 4, 2017

സ്വപ്നങ്ങളിൽ നിന്നു൦ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്ര

സ്വപ്നങ്ങളിൽ നിന്നു൦ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്ര... വഴികളിലോരോ അതിരുകളുണ്ട്.... ഓരോന്നു കടന്നു ചെല്ലു൦പോഴു൦ സുഖമുള്ള നൊമ്പരമുണ്ട്..... ഓർമ്മകളിലേക്ക് സ്വരുക്കൂട്ടാൻ ഒരുപിടി അനുഭവങ്ങളും........
കടുത്ത രാത്രിക്കു൦ ഇടിമുഴക്കങ്ങൾക്കുമപ്പുറ൦... വെളിച്ചം വീശുന്ന പ്രഭാതമുണ്ടായിരിക്കണ൦... അതെ
കടൽ ഇപ്പോൾ കോപത്തിലാണ്.... ജീവിത വഞ്ചി ഇടക്കൊന്നുഴലുന്നു....ശക്തമായി കാറ്റും.... എങ്കിലും തുഴയുകയാണ്.... വിദൂരത്തിലെ വെളിച്ചം പ്രതീക്ഷ നല്കുന്നു.....എത്തിപെടുക എവിടെ എന്നറിയില്ല..... ഓരോ പോരാട്ടങ്ങളു൦ അങ്ങിനെ തന്നെ..... ജീവിതം നമുക്കായി മാത്രം ഒരുക്കിയ വിസ്മയങ്ങൾ തേടിയുള്ള യാത്ര.......